ജനാധിപത്യ വിശ്വാസികളായ നഗരസഭാ ജീവനക്കാരുടെ ഒരേഒരു പ്രബല സംഘടന KERALA MUNICIPAL & CORPORATION STAFF ASSOCIATION (KMCSA) നഗരവീക്ഷണം കെ.എം.സി.എസ്.എ മുഖമാസിക എല്ലാ മാസവും പുറത്തിറങ്ങുന്നു കെ.എം.സി.എസ്.എ - *************************
നഗരവീക്ഷണം കെ.എം.സി.എസ്.എ മുഖമാസിക എല്ലാ മാസവും പുറത്തിറങ്ങുന്നു

KMCSA POST Abolition - post നിർത്തലാക്കൽ

 *അപ്രധാന തസ്തികകൾ എന്ന്  മുദ്രകുത്തി മുനിസിപ്പൽ സർവീസിലെ 578 തസ്തികകൾ വെട്ടിക്കുറച്ച  സർക്കാർ നടപടി പ്രതിഷേധാർഹം - നഗരസഭ ജീവനക്കാർ  പ്രക്ഷോഭത്തിലേക്ക്*           

            മുനിസിപ്പാലിറ്റി കളിലും കോർപ്പറേഷനുകളിലുമായി നിലവിൽ സേവനമനുഷ്ഠിച്ചുവരുന്ന  ഓഫീസ് അറ്റൻഡന്റ്, LDV ഡ്രൈവർമാർ, HDV ഡ്രൈവർമാർ, ടൈപ്പിസ്റ്റ്, മെയിൽ അറ്റൻഡന്റ്, ലേഡി അറ്റൻഡന്റ്, PBX ഓപ്പറേറ്റർ, സർജന്റ്,  സോഷ്യൽ വർക്കർ, കമ്മ്യൂണിറ്റി ഓർഗനൈസർ, ചെയിൻ മാൻ തുടങ്ങിയ  തസ്തികകൾ  പ്രാധാന്യമില്ലാത്ത തസ്തികകൾ ആണെന്ന്  പരാമർശിച്ചുകൊണ്ട് 578 തസ്തികകൾ നിർത്തലാക്കുകയും പകരം 354 പുതിയ തസ്തികകൾ സൃഷ്ടിച്ച്‌   തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള 22-12-2022 ലെ സർക്കാർ ഉത്തരവ്  നഗരസഭ ജീവനക്കാരോടുള്ള അവഗണനയായും വെല്ലുവിളിയായും മാത്രമേ കാണുവാനാവൂ.

   OA മാരും ഡ്രൈവർമാരും ടൈപ്പിസ്റ്റ് മാരും ഉൾപ്പെടെ മുൻസിപ്പൽ സർവീസിലെ 578 തസ്തികകൾ പ്രാധാന്യമില്ലാത്ത തസ്തികകളാണെന്ന്  എന്തടിസ്ഥാനത്തിൽ ആണ്  പറയുന്നത്? അപ്പോൾ പ്രാധാന്യം ഏറിയ തസ്തികകൾ ഏതൊക്കെ ആണ്? ഈ പറയുന്ന തസ്തികകൾ പ്രാധാന്യം ഇല്ലാത്തതാണെന്നും ഈ തസ്തികയിൽ സേവനമനുഷ്ടിക്കുന്ന ജീവനക്കാരെ കൊണ്ട് നഗരസഭയ്ക്ക് ഒരു പ്രയോജനവുമില്ലെന്നും അതുകൊണ്ട് ഈ തസ്തികകൾ നിർത്തലാക്കണമെന്ന് ഏതെങ്കിലും നഗരസഭകളോ നഗരസഭ സെക്രട്ടറിമാരോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ? അങ്ങനെ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെങ്കിൽ ഇത്തരം ശുപാർശ നൽകുവാൻ നഗരകാര്യ ഡയറക്ട്ടറെ പ്രേരിപ്പിച്ചത് ആരാണ്? 

           വർക്ക്‌  ചെയ്യുവാൻ ഒന്നുമില്ലാതെ വിശ്രമിക്കുന്ന  ടൈപ്പിസ്റ്റ് മാരെ ഏതെങ്കിലും നഗരസഭകളിൽ നമുക്ക് കാണുവാൻ കഴിയുമോ? ഓരോ നഗരസഭകളിലുമുള്ള ടൈപ്പിസ്റ്റ് മാർക്ക്  ചെയ്തുതീർക്കുവാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വർക്കുകളാണ് നിലവിൽ ഓരോ ദിവസവും  നൽകിവരുന്നത്.  ഭൂരിഭാഗം നഗരസഭകളിലും ടൈപ്പിംഗ് ജോലികൾ  നിർവഹിക്കുന്നതിനായി  ഒരു ടൈപ്പിസ്റ്റിനെ മാത്രമേ അനുവദിച്ചിട്ടുമുള്ളൂ. ഇവരുടെ അമിത ജോലിഭാരം കണക്കിലെടുത്ത് ഓരോ നഗരസഭയിലും കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം  ടൈപ്പിസ്റ്റ്മാർക്ക് ചെയ്യുവാൻ പ്രത്യേകിച്ച് ജോലി ഒന്നുമില്ല എന്ന് തോന്നിപ്പിക്കും വിധത്തിൽ 60 ടൈപ്പിസ്റ്റ് തസ്തികകൾ ആണ് നിർത്തലാക്കുന്നത്.

     LDV - HDV ഡ്രൈവർ തസ്തികൾ  വെട്ടി കുറച്ച നടപടിയും അംഗീകരിക്കുവാൻ കഴിയുന്നതല്ല. ഓരോ നഗരസഭയിലും അനുവദിച്ചിട്ടുള്ള ഡ്രൈവർമാരുടെ എണ്ണത്തേക്കാൾ കൂടുതലാണ് അവിടെയുള്ള വാഹനങ്ങളുടെ എണ്ണം. രാത്രിയെന്നോ പകലെന്നോ അവധി   ദിവസമെന്നോ  ഇല്ലാതെ  മേലധികാരികളുടെ നിർദ്ദേശാനുസരണം അമിത ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്ന  ഒരു വിഭാഗം ജീവനക്കാരാണ് ഡ്രൈവർമാർ. ഇവരുടെ അമിത ജോലിഭാരവും നഗരസഭയിലെ വാഹനങ്ങളുടെ എണ്ണവും പരിഗണിച്ച്  കൂടുതൽ തസ്തികകൾ   അനുവദിച്ചു നൽകുന്നതിന് പകരം  94 ഡ്രൈവർ തസ്തികൾ വെട്ടിക്കുറച്ച നടപടി എങ്ങനെ അംഗീകരിക്കുവാൻ കഴിയും?

    എല്ലാ നഗരസഭകളിലേയും ഓഫീസ് പ്രവർത്തികൾ നിർവഹിക്കുന്നതിൽ OA          മാരുടെ  സേവനം ആർക്കും വിസ്മരിക്കുവാൻ കഴിയുന്നതല്ല.   പല നഗരസഭകളിലും വിവിധ തസ്തികകളിലുള്ള ജീവനക്കാരുടെ അമിത ജോലിഭാരം കുറയ്ക്കുന്നത് വർക്കിങ് അറേൻജ്മെന്റ് വ്യവസ്ഥയിൽ OA മാരെ നിയോഗിക്കുന്നത് കൊണ്ടാണ്. ഓരോ നഗരസഭകളിലും ആവശ്യത്തിന് OA മാർ ഇല്ലാത്തത് മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ  എല്ലാം നഗരസഭാ ജീവനക്കാർക്കും അറിവുള്ളതാണ്.  ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാരുടെ തസ്തികകൾ  ഓരോ നഗരസഭയിലും കൂടുതൽ അനുവദിച്ച്  നൽകേണ്ടതിനുപകരം 283 OA തസ്തികകൾ  വെട്ടിക്കുറച്ച നടപടി അംഗീകരിക്കുവാൻ കഴിയുന്നതല്ല.

  സമാന രീതിയിൽ മുനിസിപ്പൽ സർവീസിലുള്ള  141 വിവിധ തസ്തികകളും  അപ്രധാനമാണെന്ന് പറഞ്ഞുകൊണ്ട്  നിർത്തലാക്കിയ  നടപടിയും അംഗീകരിക്കുവാൻ കഴിയില്ല. 578 തസ്തികകൾ വെട്ടിക്കുറക്കുന്നത് മൂലം  ആ തസ്തികകളിൽ ശേഷിക്കുന്ന ജീവനക്കാർ അമിത ജോലിഭാരത്താൽ നട്ടം തിരിയും. കൂടാതെ, എണ്ണത്തിന് ആനുപാതികമായി ലഭിച്ചു വന്നിരുന്ന  റേഷ്യോ  പ്രമോഷനും  പ്രതിസന്ധിയിലാവും. തസ്തികകൾ വെട്ടിക്കുറച്ചത് മൂലം ഉണ്ടാവുന്ന  അമിത ജോലിഭാരം കണക്കിലെടുത്തു  ഓരോ തസ്തികകളിലേക്കും  പിൻവാതിൽ നിയമനം പോലുള്ള താൽക്കാലിക നിയമനങ്ങൾ നടക്കുവാൻ  കാരണമായേക്കും. ഇത്രയേറെ തസ്തികകൾ  ഇല്ലാതാക്കുന്നത് മൂലം PSC റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും സർക്കാർ ജോലി ലക്ഷ്യമാക്കി മത്സര പരീക്ഷകൾക്ക് തയ്യാറെടുത്തു വരുന്ന തൊഴിൽരഹിതർക്കും  ഈ സർക്കാർ ഉത്തരവ് കനത്ത ആഘാതം ആണ് വരുത്തിയിരിക്കുന്നത്. 

നഗരസഭകൾ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുകൊണ്ട്  PSC നിയമിതരായ മുനിസിപ്പൽ ജീവനക്കാർക്ക്  ട്രഷറി മുഖാന്തിരം സർക്കാർ നേരിട്ട് ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുവാൻ തയ്യാറാവേണ്ടതും ജീവനക്കാരുടെ അമിത ജോലിഭാരം കണക്കിലെടുത്ത് കൊണ്ട് നിലവിലുള്ള തസ്തികകൾ വെട്ടിക്കുറക്കാതെ  ഓരോ നഗരസഭയും ആവശ്യപ്പെടുന്ന രീതിയിൽ  പുതിയ തസ്തികകൾ അനുവദിച്ചു നൽകേണ്ടതുമാണ്.    

      ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്നതിന് പകരം  എല്ലാ നഗരസഭകൾക്ക് മുന്നിലും  ആഹ്ലാദ പ്രകടനം നടത്തിയ  KMCSU എന്ന   സംഘടന     ഈ അനീതിക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തിരിക്കുന്നത്. മുദ്രാവാക്യം വിളിക്കാനും കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനുമൊക്കെയായി  ലാസ്റ്റ് ഗ്രെഡ് വിഭാഗം ജീവനക്കാരെയും ഡ്രൈവർമാരെയും  ടൈപ്പസ്റ്റ് മാരെയുമൊക്കെ വെറും ജാഥ തൊഴിലാളികൾ ആയി മാത്രം KMCSU എന്ന സംഘടന കണ്ടു വരുന്നത് കൊണ്ടാണ് ഇവർക്കെതിരെ ഇത്രയും വലിയ അനീതി ഉണ്ടായിട്ട് പോലും അതിനെതിരെ ഒരു പ്രതിഷേധ സ്വരം പോലും ഉയർത്താതെ ആഹ്ലാദ പ്രകടനം നടത്തുവാൻ യൂണിയൻകാരെ പ്രേരിപ്പിച്ചത്. കൂടാതെ, 578 തസ്തികകൾ വെട്ടിക്കുറച്ചാലും 354 അധിക തസ്തികകൾ സൃഷ്ടിച്ചത് വഴി  പ്രാധാന്യം കൂടിയ തസ്തികയിൽ തുടരുന്ന നേതാക്കന്മാർക്ക് ഉടനെ പ്രമോഷൻ ലഭിച്ചേക്കുമെന്ന് കരുതി കൂടിയാണ് യൂണിയൻകാർ ഈ വിഷയത്തിൽ മൗനം ഭജിക്കുന്നത്.

പൊതുസർവീസ് രൂപീകരണത്തിൽ നിർത്തലാക്കിയ RO - II തസ്തിക പുനസ്ഥാപിക്കാതെയും HS ന്റെ പ്രമോഷൻ തസ്തിക സൃഷ്ടിക്കാതെയും 578 തസ്തികകൾ വെട്ടികുറച്ചു കൊണ്ട് മുനിസിപ്പൽ സർവ്വീസിലെ കുറച്ചു ജീവനക്കാർക്ക് കുറച്ചു കാലത്തേക്ക് മാത്രം ഏതാനും പ്രമോഷൻ ലഭിക്കത്തക്ക വിധം വളരെ അശാസ്ത്രീയമായ രീതിയിൽ പുറപ്പെടുവിച്ചിട്ടുള്ള ഈ സർക്കാർ ഉത്തരവ് പിൻവലിക്കുവാൻ സർക്കാർ തയ്യാറാവണം. 

സർവ്വീസിലുള്ളവർക്കും   സർക്കാർ ജോലിയിൽ  പ്രതീക്ഷയർപ്പിച്ചവർക്കും ഒരുപോലെ ബുദ്ധിമുട്ടുളവാക്കുന്ന ഈ സർക്കാർ ഉത്തരവ്  അടിയന്തരമായി റദ്ദ് ചെയ്യുവാൻ  സർക്കാർ തയ്യാറാവണം.

      നഗരസഭ രംഗത്തെ ഇത്രയേറെ തസ്തികകൾ വെട്ടി കുറച്ചിട്ടും നമ്മൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതിഷേധിച്ചില്ല എങ്കിൽ   ഓരോ കാരണം പറഞ്ഞുകൊണ്ട് വരും നാളുകളിൽ കൂടുതൽ തസ്തികകൾ നിർത്തലാക്കിക്കൊണ്ട് സമാനമായ രീതിയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചേക്കാം. 

ആയതിനാൽ, വർഗ്ഗ വഞ്ചകരെ തിരിച്ചറിയുക,  ഒറ്റപ്പെടുത്തുക. നഗരസഭ  ജീവനക്കാരോടുള്ള ഈ അനീതിക്കെതിരെ നമുക്കൊരുമിച്ച് പ്രതിഷേധിക്കാം.... നമുക്കൊരുമിച്ചു പോരാടാം..,...

ജയ്  KMCSA....💪✊✊✊